പാഠ്യപദ്ധതി എന്തു കൊണ്ട് വിമര്‍ശിക്കപ്പെടുന്നു?
Sunday, July 13, 2008
വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ എന്നും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായ് കേരളത്തില്‍ വിവിധ തലങ്ങളില്‍ സജീവ ചര്‍ച്ച നടന്നു വരികയാണ്. പുതിയ നയസമീപനങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ പാഠപുസ്തകങ്ങള്‍ സംവാദത്തിന്റെയും സമരത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു. പരിഷ്‌കാരത്തിന്റെ അടിസ്ഥാന സമീപനങ്ങള്‍ മുതല്‍ പാഠപുസ്തകം വരെ വിമര്‍ശനവിധേയമാകുമ്പൊള്‍ അതിന്റെ അകംപൊരുള്‍ കേരളം അറിയേണ്ടതുണ്ട്. വൈകാരികതയുടെ ചുഴിയില്‍ പെടാതെ തികച്ചും ജനാധിപത്യപരമായ സംവാദ ശൈലിയിലൂടെ പുതിയ സാഹചര്യത്തെ ശരിയായി വിലയിരുത്തി പാളിച്ചകള്‍ തിരുത്തുകയാണ് വേണ്ടത്.
സൈദ്ധാന്തിക വാശിയും കടുംപിടുത്തങ്ങളും ബാലിശവാദങ്ങളും ഉപേക്ഷിച്ച് സര്‍ക്കാരും വൈകാരികതയുടെ ആക്രമണോത്സുക സമരങ്ങളില്‍ നിന്ന് എതിര്‍പക്ഷവും മാറിനിന്ന് ശരിതെറ്റുകള്‍ കണ്ടെത്തുകയാണ് വേണ്ടത്.
ജ്ഞാനനിര്‍മ്മിതി വാദത്തില്‍ നിന്ന് വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസപ്രക്രിയ ചുവടുമാറ്റുമ്പോള്‍ ജനാധിപത്യത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും കടകവിരുദ്ധമായ സമീപനം വിദ്യാഭ്യാസ വിശാരദന്മാരില്‍ നിന്ന് ഉണ്ടാകാവതല്ല. വിദ്യാലയങ്ങള്‍ക്ക് പുറത്ത് സംവാദങ്ങളുടെ ഭൂമികയില്‍ നിന്ന് ആര്‍ജ്ജിക്കേണ്ട വിജ്ഞാനം ഇളംമനസ്സില്‍ അധ്യാപകരുടെ സഹായത്തോടെ ആസൂത്രിതമായി അടിച്ചേല്‍പ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.
കുട്ടികള്‍ പഠിക്കട്ടെ, ചോദ്യം ചെയ്തു കൊണ്ട് തന്നെ. പക്ഷേ മൂല്യങ്ങളും സംസ്കാരങ്ങളും കൈയൊഴിഞ്ഞ് ഏതു സ്രോതസ്സില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ മാനവികമൂല്യങ്ങള്‍ ആര്‍ജ്ജിക്കുക? മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നിലപാടുകളില്‍ നിന്നോ? നിഷേധാത്മകവും മത-ധര്‍മ്മരഹിതവുമായി വളരുമ്പോള്‍ മാത്രമേ പുതിയ തലമുറ മനവികമൂല്യങ്ങള്‍ സായത്തമാക്കൂ എന്നു വരുമ്പൊള്‍ നമ്മുടെ സംസ്‌കൃതിയേയും പൂര്‍വ്വികഗുരുവര്യന്മാരെയുമല്ലേ തിരസ്കരിക്കേണ്ടി വരിക?
സര്‍ക്കാര്‍ അനുകൂലികള്‍ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി കണ്ടെടുത്തോട്ടെ. പക്ഷേ ശരിയായ ചോദ്യങ്ങള്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നത് ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരിനു ചേര്‍ന്നതല്ല. വിദ്യാഭ്യാസപ്രക്രിയയെ ഉപകരണമാക്കി പഴകിപ്പുളിച്ച ആശയങ്ങള്‍ പുരോഗമനമെന്ന് പേരില്‍ പാഠപുസ്തകത്തില്‍ കുത്തിത്തിരുകിയാല്‍ വിശാലമായ വിദ്യാഭ്യാസ താല്പര്യങ്ങള്‍ അപകടപ്പെടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം.
ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശരിയായ ദിശബോധം വേണ്ടതല്ലേ?
കുട്ടികളെ നാം എന്തിനാണ് സ്കൂളില്‍ അയക്കുന്നത്?
വിവരമുണ്ടാകാന്‍. അവരുടെ ഭാവി ശോഭനമാക്കാന്‍. മനുഷ്യകുലം നേടിയ വിജ്ഞാനങ്ങള്‍ ആര്‍ജ്ജിച്ച് കൂടുതല്‍ നല്ല നാളെയെ സൃഷ്‌ടിക്കാന്‍. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഗുണം ചെയ്യുന്ന നല്ല പൌരന്മാരാകാന്‍. ഉത്കൃഷ്‌ട മൂല്യങ്ങളും ധാര്‍മ്മിക ബോധവും അടിത്തറയായ് വര്‍ത്തിച്ചില്ലെങ്കില്‍ ഈ ലക്ഷ്യം സാധ്യമാവാതെ പോകും. അപ്പോള്‍ സ്കൂളുകള്‍ അപ്രസക്തമാകും.
കുട്ടികള്‍ സ്കൂളില്‍ നിന്ന് എങ്ങനെയാണ് ഇവ നേടുക?
അധ്യാപകരാണ് കുട്ടികളുടെ മാതൃക. അവരുടെ സാന്നിദ്ധ്യം, അവര്‍ നല്‍കുന്ന അറിവുകള്‍, പാഠപുസ്തകത്തിലെ പാഠങ്ങള്‍, വിവേചനങ്ങളില്ലാത്ത സ്കൂള്‍ അന്തരീക്ഷം, പഠനപ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന അനുഭവങ്ങളും വീക്ഷണങ്ങളും. ഇവയൊക്കെയാണ് കുട്ടികളുടെ സ്വഭാവവും ചിന്തയും രൂപപ്പെടുത്തുന്നത്.
അത്കൊണ്ട് പാഠപുസ്തകങ്ങള്‍ പക്ഷപാത രഹിതവും മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതും ആവണം. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു വിഭാഗത്തോടോ വംശത്തോടോ വെറുപ്പോ അമിതമായ ആരാധനയോ ഉണ്ടാക്കുന്നതാവരുത് അവ. . വ്യത്യസ്ഥ വിഭാഗങ്ങളും ആശയങ്ങളും സഹവര്‍ത്തിത്തോടെ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അതീവ സൂക്ഷ്മതയോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ.
പുതിയ പാഠപുസ്തകങ്ങളും അധ്യാപക സഹായിയും ഈ ലക്ഷ്യത്തിന് അനുയോജ്യമാണോ?
അല്ല.
എന്തു കൊണ്ട്?
1.ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ തത്വങ്ങള്‍ക്ക് വിരുദ്ധമായ കാഴ്‌ചപ്പാടുകള്‍ പാഠപുസ്തകത്തിലും അധ്യാപക സഹായിയിലും ഉണ്ട്.
2.ചരിത്രത്തെ ഒരു പ്രത്യേക വീക്ഷണത്തിലൂടെ മാത്രം അവതരിപ്പിക്കുന്നു.
3.മതരഹിത സമൂഹം ഉത്കൃഷ്‌ടവും മതം പ്രശ്‌നം സൃഷ്‌ടിക്കുന്നതുമാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്തുന്നു.
പാഠപുസ്തകങ്ങളില്‍ പാടില്ലാത്ത ഇത്തരം കാര്യങ്ങള്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയിരിക്കുന്നു.
പാഠപുസ്തകം മതേതര വിരുദ്ധമോ? മതമില്ലാത്ത ജീവന്‍ എന്ന പാഠം മതേതരത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയല്ലേ?
ഇന്ത്യന്‍ മതേതരത്വം പാശ്‌ചാത്യ മതേതര കാഴ്ച്ചപ്പാടില്‍ നിന്ന് വ്യത്യസ്ഥമാണ്. പാശ്‌ചാത്യ മതേതരത്വം മതനിഷേധാത്മാകമാണ്. മതം അപ്രസക്തവും സമൂഹത്തില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നതുമാണെന്ന് അത് പഠിപ്പിക്കുന്നു. മതമോ മതമൂല്യങ്ങളോ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെ പാശ്‌ചാത്യ മതേതരത്വം എതിര്‍ക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വിവിധമതങ്ങള്‍ക്കും മതാനുയായികള്‍ക്കും ഇടയില്‍ നിഷ്‌പക്ഷമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ ഒരു വിവേചനവും അനുവര്‍ത്തിക്കുകയില്ല എന്ന അര്‍ത്ഥത്തിലാണ് ഇന്ത്യ സെക്കുലര്‍ സ്റ്റേറ്റ് ആകുന്നത്. ഭരണഘടന പ്രകാരം ഓരോ പൌരനും സ്വന്തം ഹിതമനുസരിച്ച് ഏത് മതവും ആദര്‍ശവും സ്വീകരിക്കാനും അതുപ്രകാരം പ്രവര്‍ത്തിക്കാനും അത് പ്രചരിപ്പിക്കാനും തുല്യമായ സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിലൂടെയും നെഹ്‌റുവിന്റെ ഉദ്ധരണി അവസരത്തിനൊപ്പിച്ച് നല്‍കിയും മതരഹിത നിലപാടിനെ മഹത്വവത്കരിക്കുന്നു. മതം സാമൂഹികജീവിതത്തില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നതാണെന്ന ഈ കാഴ്‌ച്ചപ്പാട് പടിഞ്ഞാറന്‍ മതേതരചിന്തയാണ്. കുട്ടികളെ രക്ഷകര്‍ത്താക്കളുടെ ഇച്ഛക്കനുസരിച്ച് മതരഹിതനാക്കുന്നത ഉദാത്തവും മതധര്‍മ്മബോധം നല്‍കി വളര്‍ത്തുന്നത് പിന്തിരിപ്പത്തവും ആണെന്ന് പറയുന്നത് കേരളത്തിലെ ബഹുകോടി ജനങ്ങളുടെ മുഖത്ത് നോക്കിയുള്ള നിര്‍മതവാദികളുടെ പല്ലിളിക്കലാണ്.
പാശ്‌ചാത്യ മതേതരത്വവും ഇന്ത്യന്‍ മതനിരപേക്ഷതയും വ്യത്യസ്ഥമാണോ?
അതെ. പടിഞ്ഞാറന്‍ ചിന്ത പോലെ മതവിരുദ്ധ ജീവിത സിദ്ധാന്തമായിട്ടല്ല ഇന്ത്യന്‍ മതേതരത്വം വിവക്ഷിക്കപ്പെട്ടത്. നമ്മുടെ രാജ്യത്ത് വിവിധമതവിഭാഗങ്ങള്‍ ജീവിക്കെ ഏറ്റവും ശരിയായ രാഷ്ട്രീയസമീപനരീതി എന്ന നിലക്കാണ് അത് സ്വീകരിച്ചത്. എല്ലാമതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും രാഷ്ട്രം ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യമോ വിവേചനമോ പുലര്‍ത്താതിരിക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് സര്‍വ്വസമ്മതരായ ദേശീയനേതാക്കള്‍ അതിനെ വിശദീകരിച്ചിട്ടുള്ളത്.
“എന്നെ സംബധിച്ചിടത്തോളം മതമുക്തമായ രാഷ്ട്രീയം മരണതുല്യമാണ്” എന്നാണ് ഗാന്ധിജിയുടെ പ്രഖ്യാപനം. ഭരണഘടന വിഭാവന്‍ ചെയ്യുന്ന മതേതരത്വം എന്താണെന്ന് ഭരണഘടനാ ശില്പി ഡോ.അംബേദ്‌കര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ജനങ്ങളുടെ മതവികാരങ്ങള്‍ നാം കണക്കിലെടുത്ത് കൂടെന്ന് മതേതര രാഷ്ട്രത്തിന് അര്‍ത്ഥമില്ല. ഏതെങ്കിലും ഒരു പ്രത്യേകമതം അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്ററി സംഹിത ഉണ്ടായിക്കൂട എന്നു മാത്രമാണ് ഒരു മതേതര രാഷ്ട്രത്തിന് ആകെക്കൂടിയുള്ള അര്‍ത്ഥം.
ഇന്ത്യന്‍ സെക്കുലറിസത്തിന് മതേതരത്വം എന്ന ഭാഷാന്തരത്തെത്തന്നെ മാര്‍ക്സിസ്റ്റ് താത്വികാചാര്യനായ ഇ എം എസ് എതിര്‍ത്തു. മതേതരത്വവും മതനിരപേക്ഷതയും രണ്ടാണെന്നും ഇന്ത്യയുടേത് മതനിരപേക്ഷത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മതനിരപേക്ഷതക്ക് പകരം മതനിഷേധ മതേതരത്വ കാഴ്‌ച്ചപ്പാടാണ് പാഠപുസ്തകത്തിലുള്ളതെന്ന് തെളിയിക്കാമോ?
തീര്‍ച്ചയായും. പാഠപുസ്തകം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് അധ്യാപകസഹായിയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്. വിമര്‍ശനാത്മക ബോധന ശാസ്ത്രം (critical pedagogy) സ്വീകരിക്കുന്ന പുതിയ രീതിയില്‍ നേരത്തേ നിശ്‌ചയിക്കപ്പെട്ട വീക്ഷണത്തിലേക്ക് കുട്ടികളെ എത്തിക്കണമെന്ന് അധ്യാപകസഹായിയിലൂടെ അധ്യാപകരോട് ആവശ്യപ്പെടുന്നു. പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവന്‍ എന്ന ഭാഗം ഫോട്ടോസ്റ്റാറ്റായി പ്രചരിപ്പിച്ചും പിഞ്ചുകുട്ടികളുടെ അഭിപ്രായം തേടിയും ആളുകളെ തെറ്റിദ്ധരിപ്പിച്ച് നാടുനീളെ നടക്കുന്നവര്‍ ഈ പാഠഭാഗത്തിലെ മതരഹിത ആശയം പഠിപ്പിക്കാന്‍ അധ്യാപകനോട് ആഹ്വാനം ചെയ്യുന്ന അധ്യാപക ഗൈഡിന്റെ (പേജ് 60) കോപ്പി കൂടി പ്രചരിപ്പിക്കാന്‍ തയ്യാറാകുമോ? എങ്കില്‍ ഒരു നിമിഷം കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി ഏവര്‍ക്കും ബോധ്യമാകും.
മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിന്റെ പ്രശ്‌നം എന്താണ്?
ഈ പാഠഭാഗവും നെഹ്‌റുവിന്റെ വില്‍പ്പത്രത്തില്‍ നിന്നുള്ള ഉദ്ധരണിയും ആന്‍ഡമാനില്‍ കണ്ടെത്തി എന്നു പറയുന്ന മതം മാറിയുള്ള വിവാഹവും പഠിപ്പിക്കുന്നത് മതരഹിതസമൂഹം മാത്രമാണ് ഉദാത്തമെന്ന് വരുത്തിത്തീര്‍ക്കാനല്ലാതെ മറ്റെന്തിനാണ്? മതങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി കുട്ടികളെക്കൊണ്ട് ക്ലാസ്സില്‍ പൊതുചര്‍ച്ച സംഘടിപ്പിക്കണമെന്നാണ് അധ്യാപകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അധ്യാപകസഹായിയിലെ ഈ ഭാഗവും ഫൊട്ടോസ്റ്റാറ്റ് കോപ്പിയായി നല്‍കാന്‍ പുരോഗമനം വാദിക്കുന്നവര്‍ തയ്യാറുണ്ടോ?
പാഠഭാഗത്തിലെ മതവിരുദ്ധപരാമര്‍ശങ്ങള്‍ മതത്തിന് ഭീഷണിയാണോ?
ഒരിക്കലുമല്ല. 70 കൊല്ലത്തിലേറെ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും മതവിരുദ്ധ-നിരീശ്വര സിദ്ധാന്തങ്ങള്‍ സമഗ്രാധിപത്യത്തിന്റെ ഇരുമ്പ് മറക്കുള്ളിലിരുത്തി പഠിപ്പിച്ചിട്ടും ഒടുവില്‍ എന്തു സംഭവിച്ചു എന്നു നാം കണ്ടതാണ്. പാഠപുസ്തകത്തെ നിര്‍മതത്വം പ്രചരിപ്പിക്കുന്ന ലഘുലേഖയാക്കാന്‍ ശ്രമിക്കുന്ന ആസ്ഥാനപണ്ഡിതര്‍ ഒരു പ്രോജക്സ്റ്റ് വര്‍ക്കായി ഇതേക്കുറിച്ച് ഒരന്വേഷണം ഏറ്റെടുക്കുന്നത് നന്നായിരിക്കും.
പിന്നെന്തിനാണ് ഈ വിവാദം?
ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതക്ക് വിരുദ്ധമാണ് പാഠഭാഗം കുട്ടികള്‍ക്ക് നല്‍കുന്ന ആശയം. ഒരു ജനാധിപത്യസമൂഹത്തില്‍ പാലിക്കേണ്ട മൂല്യമാണ് എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യമായ പരിഗണനയെന്നത്. മതം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നതു പോലെ പ്രധാനമാണ് മതരാഹിത്യവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലായെന്നത്. രണ്ടിനുമുള്ള സാധ്യത തുറന്നുവെക്കുമ്പോഴാണ് പാഠ്യക്രമവും പാഠപുസ്തകവും സര്‍ഗ്ഗാത്മകവുമാകുന്നത്. പൊതുസമൂഹത്തിലെ വൈവിധ്യങ്ങളെയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും ഏവരും അംഗീകരിക്കണം. ഇത് എല്ലാവര്‍ക്കും വകവെച്ചു കൊടുക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍, കേരളീയ സമൂഹം തള്ളിക്കളഞ്ഞ മതരാഹിത്യത്തിന്റെ പ്രചാരകരായി പാഠപുസ്തകത്തിലൂടെ മാറി എന്നതാണ് പ്രതിഷേധത്തിന്റെ മര്‍മ്മം. മതരഹിത സമൂഹത്തെയെന്നപോലെ മതസമൂഹത്തെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിനു കഴിയണം. വ്യക്തികള്‍ക്ക് വസ്ത്രധാരണത്തിലും മറ്റുമുള്ള സ്വാതന്ത്ര്യത്തെ പൊതുവേഷം വേണമെന്ന താല്‍പ്പര്യം പറഞ്ഞ് നിരാകരിക്കാനുള്ള ശ്രമം അപലപനീയമാണ്. ചന്ദനക്കുറിയും ശിരോവസ്ത്രവും പോലുള്ള മതചിഹ്നങ്ങള്‍ ക്ലാസ് മുറിയിലോ റോഡിലോ കാണരുതെന്ന് പറയുന്നത് പ്രതിലോമകരവും തീവ്രവാദവുമാണ്. പ്രധാനനമന്ത്രി മന്മോഹന്‍ സിംഗും മാര്‍ക്സിസ്റ്റ് നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും താടിയും തലപ്പാവും മാറ്റിയിട്ട് മതി പൊതുപ്രവര്‍ത്തനം എന്നാണോ പുരോഗമനവാദികള്‍ പറയുന്നത്? ഈ പൊതുവേഷം എന്നത് രാഷ്ട്രപിതാവായ ഗാന്ധിജിയുറ്ടേതോ അതോ ആദ്യപ്രധാനമന്ത്രി നെഹ്‌റുവിന്റേതോ? ഇന്ദിരാഗാന്ധിയുടേത് പോലെ മാന്യമായ വസ്ത്രം സ്ത്രീകളെല്ലാവരും ധരിക്കണമെന്ന് പറഞ്ഞാല്‍ പുരോഗമനവാദികള്‍ക്ക് അതിഷ്‌ടമാകില്ലെന്ന് അറിയാം. സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന സമരം ക്ലാസില്‍ പഠിപ്പിച്ചിട്ട് തലമറക്കാനുള്ള അവകാശത്തെ നിരാകരിക്കുന്നതിലേക്ക് വലിച്ചിഴക്കുന്നതിലെ ബുദ്ധി ആരുടേതായാലും ബഹുകേമം.
ജീവനു വലുതാകുമ്പോള്‍ ഇഷ്‌ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന് പാഠപുസ്തകം പറയുന്നു. ഇത് എങ്ങനെയാണ് മതവിരുദ്ധമാകുന്നത്?
മതം അവന്‍ വലുതാകുമ്പോള്‍ തെരഞ്ഞെടുക്കട്ടെ എന്ന തീരുമാനം ഉദാത്ത ആശയമായി അവതരിപ്പിക്കുന്നതാണ് പാഠം. കുട്ടി പ്രായമാകുമ്പോള്‍ മതം തെരഞ്ഞെടുക്കട്ടെ എന്നത് നല്ല ആശയം തന്നെ. അതു പോലെ മഹത്തരമല്ലേ കുട്ടി മതരഹിതനായി നില്‍ക്കണോ വേണ്ടയോ എന്ന് പ്രായമാകുമ്പോള്‍ തീരുമാനിക്കട്ടെ എന്നതും. മാതാപിതാക്കള്‍ കുട്ടികളില്‍ മതരാഹിത്യം അടിച്ചേല്‍പ്പിക്കുന്നത് ഉദാത്തവും മതധര്‍മ്മങ്ങള്‍ ശീലിപ്പിച്ച് സദ്ഗുണം വളര്‍ത്തുന്നത് അധമമാകുന്നതും എങ്ങനെ? ഇത് പുരോഗമനപരമോ വികസിതജനാധിപത്യ കാഴ്ചപ്പാടോ അല്ല. അക്രമാസക്ത പാശ്ചാത്യന്‍ മതനിഷേധമാണിത്. ധര്‍മ്മബോധമില്ലാതെ ഈ കാഴ്‌ച്ചപ്പാടില്‍ വളര്‍ന്നവരാണ് രണ്ടു ലോകമഹായുദ്ധങ്ങള്‍ സൃഷ്‌ടിച്ചത്. മതമാണ് കുഴപ്പമെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റ് റഷ്യയില്‍ സ്റ്റാലിന്‍ പതിനായിരങ്ങളെ കൊന്നൊടുക്കി അധികാരമുറപ്പിച്ചത് ഏതു മതത്തിന്റെ പേരിലായിരുന്നുവെന്ന് കൂടി വ്യക്തമാക്കേണ്ടതല്ലേ?
മതങ്ങള്‍ നന്മയിലേക്ക് ഉണര്‍ത്തുന്നുവെന്ന് മതാധ്യാപനങ്ങള്‍ മുന്നില്‍ വെച്ച് പാഠപുസ്തകം സമര്‍ത്ഥിക്കുന്നില്ലേ? പിന്നെ അതെങ്ങനെ മതവിരുദ്ധമാകും?
മതങ്ങളെല്ലാം മനുഷ്യസ്നേഹമാണ് ലക്ഷ്യം വെക്കുന്നതെന്ന് മഹാഭാരതം, ബൈബിള്‍, ഖുര്‍ ആന്‍ എന്നിവ ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. മതങ്ങളിലെ നന്മകള്‍ തുറന്നു കാണിക്കുകയും ഭിന്നതകള്‍ മതവിരുദ്ധമാണെന്ന് വെളിപ്പെടുത്തുകയുമാണിവിടെ. എന്നാല്‍ മതം തന്നെ വേണ്ടതില്ല എന്നു
സമര്‍ത്ഥിച്ച ശേഷമാണ് ഈ മഹത്വഘോഷണം. ഈ വൈരുധ്യം കുട്ടികള്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുക?
പാഠപുസ്തകത്തില്‍ ഗുണകരമായി ഒന്നും ഇല്ലെന്നാണോ?
അല്ല. പരിസ്ഥിതി നാശം, ശുചിത്വമില്ലായ്‌മ, ലഹരി, കുത്തകവത്കരണം, സ്വകാര്യവത്കരണം, പൊതുസ്ഥാപനങ്ങളുടെ തകര്‍ച്ച, മലിനീകരണം, ആഗോളതാപനം, ജാതി-മത-സാമ്പത്തിക ഉച്ചനീചത്തങ്ങള്‍, സ്ത്രീ-ബാല-പിന്നോക്ക പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും ഗുണകരമാണ്. ദീര്‍ഘകാലം നമ്മുടെ ചരിത്രത്തില്‍ നിന്നും തമസ്കരിക്കപ്പെട്ട ദളിതുകളുടെ നവോത്ഥാന ശ്രമങ്ങളടക്കം മുഖ്യധാരാ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവന്നതുള്‍പ്പടെ ഒട്ടേറെ ഗുണവശങ്ങള്‍ പാഠപുസ്തകത്തില്‍ ഉണ്ട്. പക്ഷേ ചിലരുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളും ചരിത്രസമീപനവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രത ആ നന്മകളും പുരോഗമനവശങ്ങളും തമസ്‌കരിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു.
(കടപ്പാട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്)
എഴുതിയത്::സിയ↔Ziya at 4:13 PM
Labels: ലേഖനം



മതം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നതു പോലെ പ്രധാനമാണ് മതരാഹിത്യവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലായെന്നത്. രണ്ടിനുമുള്ള സാധ്യത തുറന്നുവെക്കുമ്പോഴാണ് പാഠ്യക്രമവും പാഠപുസ്തകവും സര്‍ഗ്ഗാത്മകവുമാകുന്നത്. പൊതുസമൂഹത്തിലെ വൈവിധ്യങ്ങളെയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും ഏവരും അംഗീകരിക്കണം. ഇത് എല്ലാവര്‍ക്കും വകവെച്ചു കൊടുക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍, കേരളീയ സമൂഹം തള്ളിക്കളഞ്ഞ മതരാഹിത്യത്തിന്റെ പ്രചാരകരായി പാഠപുസ്തകത്തിലൂടെ മാറി എന്നതാണ് പ്രതിഷേധത്തിന്റെ മര്‍മ്മം.
സോളിഡാരിറ്റി-എവിടെയൊ കേട്ടമാതിരി..
ആ പിടികിട്ടി.. ആ മൌദൂദിയുടെ ജമാ അത്തെ ഇസ്ലാമിയെന്ന മത മൌലിക വാദി പാര്‍ട്ടിയുടെ യുവജന സംഘടന..
അപ്പോള്‍ ശരി സിയ..!
സോളിഡാരിറ്റി / ജമാ അത്തെ ഇസ്ലാമി എന്ന ലേബല്‍ ഒഴിച്ച് നിര്‍ത്തി പറയട്ടെ ,
കാര്യമാത്ര പ്രസക്തമായ ലേഖനം ..
ലേഘനത്തിന്‍റെ ആഴം കൊണ്ടും വിശകലന രീതികൊണ്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്, ഇതേക്കുറിച്ചുള്ല കൂടുതല്‍ ബോധവത്ക്കരണം താങ്കളുടെ എഴുത്തിലൂടെ പ്രതീക്ഷിക്കുന്നു, മറ്റുള്ള സംവാദങ്ങളിലെ ഇടപെടലുകളിലും..
ആശംസ്കളോടെ..
മലയാളീ സമൂഹത്തില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന
പാഠപുസ്തക വിവാദത്തെ ഇത്ര നന്നായി
വിലയിരുത്തുന്ന മറ്റൊരു വീക്ഷണം
ഇതുവരെ വായിച്ചിട്ടില്ല.
എന്തുകൊണ്ടും കാര്യമാത്ര പ്രസക്തവും
നിരീക്ഷണ-വിലയിരുത്തലുകള്‍ക്ക്
വിധേയമാക്കപ്പെടേണ്ടുന്നതുമായ ലേഖനം.
ആരു പറയുന്നു,എന്നുള്ളതല്ലാ
എന്തു പറയുന്നു എന്നൂള്ളതിനായിരിക്കണം പ്രധാനം.
നമ്മുടെ ചിന്താമണ്ഠലത്തെ സജീവമാക്കി
നിര്‍ത്തേണ്ടുന്ന ഈ വിഷയം വഴിതിരിച്ചുവിടാന്‍
ശ്രമിക്കരുത്.
Ignited Words,
ഞാന്‍ സോളിഡാരിറ്റിയുടെയോ ജമാഅത്തേ ഇസ്ലാമിയുടെയോ പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. അവരുടെ മിക്ക ആശയങ്ങളോടും എനിക്ക് കടുത്ത വിയോജിപ്പ് ഉണ്ട് താനും.
ചുരുങ്ങിയത് ഈ വിഷയത്തിലെങ്കിലും സൊളിഡാരിറ്റിയുടെ വാദങ്ങളില്‍ കഴമ്പുണ്ട് എന്നാണെന്റെ വിശ്വാസം.
അതിനാലാണ് അവര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ക്ക് കടപ്പാട് നല്‍കിത്തന്നെ ഇവിടെ പ്രസിദ്ധീകരിച്ചത്.
സിയ,
അതങ്ങനെ തന്നെ ആയിക്കോട്ടെ , എല്ലാവര്‍ക്കും അവരവരുടെ ന്യായമുണ്ട്. അവരവരുടെ രാഷ്ട്രീയം. അത് ഓരൊരുത്തരുടെയും വാക്കിലും പ്രവര്‍ത്തിയിലും പ്രതിഫലിക്കും. അതങ്ങനെ തന്നെ ഇരിക്കട്ടെ. ഈ ലേഖനത്തിനെക്കുറിച്ച് ഒന്നും എനിക്കു പറയാനില്ല. മതാധിഷ്ടിത രാഷ്ട്രീയത്തിന്റെ(പ്രത്യക്ഷത്തില്‍ അത് കേരളത്തില്‍ കാണുന്നില്ല എങ്കിലും) ഏറ്റവും വലിയ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുടെ യുവജനവിഭാഗം( ഒരു 2 വര്‍ഷത്തിനു മുന്‍പ് ഇങ്ങനെയൊരു സംഭവം നിലവിലില്ലായിരുന്നു) ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. പാഠപുസ്തകത്തിനെതിരെ ഹാലിളകി നടക്കുന്ന(വായിച്ചു പോലും നോക്കാതെ) ഇവരെയൊന്നും (എല്ലാം ഉള്‍പ്പെടും, സോളിഡാരിറ്റിയും,പള്ളീലചന്മാരും,എല്ലാം) പറഞ്ഞിട്ടു കാര്യമില്ല. ചിലതങ്ങനെയാണ് മാറ്റാന്‍ പറ്റില്ല, മാറാന്‍ ശ്രമിക്കുകയുമില്ല,സാധിക്കുകയുമില്ല. അല്ലെങ്കില്‍ തന്നെ ചെനായക്കെങ്ങനെ ആട്ടിന്‍ കുട്ടിയാകാന്‍ സാധിക്കും!
Good Article. Most of your points has the same views that I've.
:)
Ignited Words,
സോളിഡാരിറ്റിയെ പോസ്റ്റ്മോര്‍ട്ടം ചെയ്യലല്ല ഇവിടുത്തെ ഉദ്ദേശം. അതിനു അവസരം വേറെയുണ്ടാക്കാം.
ഈ ലേഖനത്തെക്കുറിച്ച് ഒന്നും പറയാനില്ലെങ്കില്‍ നാവടക്കുക.
ഹഹഹ, ബേഷ്...
ഈ ലേഖനത്തെ അടിസ്ഥാനമാക്കി തന്നെ പറയാം. ഈ ലേഖനം എന്തിനെയാണ് അല്ലെങ്കില്‍ ഏത് സംഭവത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയതെന്നൊന്നു വ്യക്തമാക്കാമോ? മതമില്ലാത്ത ജീവനാണെങ്കില്‍ ഇതില്‍ പറയുന്നതൊക്കെ പൊള്ളത്തരങ്ങള്‍ മാത്രം.
വ്യക്തമാക്കാം.
ഞാനും പണ്ട് സ്കൂളിലൊക്കെ പോയിട്ടുണ്ട്. അവിടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയ നിരവധി പാഠങ്ങളും പഠിച്ചിട്ടുണ്ട്. എന്റെ അച്ഛനുമമ്മയും ഹിന്ദുവായതുകൊണ്ട് ഞാനും ഹിന്ദുവാണെന്ന് വിശ്വസിക്കുകയും പുരാണങ്ങളിലെ അന്ധവിശ്വാസങ്ങളെല്ലാം സത്യമാണെന്ന്‍ പാഠപുസ്തക കഥകളേയും മുതിര്‍ന്നവരുടെ മൊഴിയേയും അടിസ്ഥാനപ്പെടുത്തി വിഉശ്വസിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നു ഞാന്‍ നേടിയ മതപരമായ വിവരങ്ങളില്‍ 99%വും പരമ വിഡ്ഡിത്തങ്ങളായിരുന്നു എന്ന്.
ഇനി പറയൂ ഇവിടെ എന്നെ എന്റെ മാതാപിതാക്കളും സമൂഹവും വിദ്യഭ്യാസരീതികളും തെറ്റായ മാര്‍ഗ്ഗത്തിലൂടെയല്ലേ വഴിനയിച്ചത്.
എന്നില്‍ അവര്‍ ഒരു മതം അടിച്ചേല്‍പ്പിക്കുകയായിരുന്നില്ലേ?
ഇനി പാഠപുസ്തകത്തിലേക്ക്, അതില്‍ എവിടെയാണ് മത നിരാസം അടിച്ചേല്‍പ്പിക്കുന്നത്?
വ്യത്യസ്ത മതസ്തരായ മാതാപിതാക്കളുടെ മകന്റെ ജാതിമതമൊക്കെ അവന്‍ പ്രയപൂര്‍ത്തിയാകുമ്പോള്‍ തീരുമാനിക്കട്ടെ എന്നു പറയുന്നത് അടിച്ചേല്‍പ്പിക്കലാണോ?
ഞാന്‍ മനസിലാക്കിയത് ആ ഒരു ഒപ്ഷന്‍ കൂടിയുണ്ടെന്ന ഒരു ധാരണ സമൂഹത്തിലുണ്ടാക്കാന്‍ അത് ഉപകരിക്കുമെന്നാണ്. അപേക്ഷാഫോറങ്ങളിലെ ജാതിമത കോളങ്ങളില്‍ മതത്തില്‍ വിശ്വാസമില്ലാത്തവന് എന്തുകൊണ്ട് മതമില്ലെന്ന് എഴുതിക്കൂടാ?
നിരവധി മത പാഠങ്ങള്‍ പഠിപ്പിക്കുന്ന വിദ്യലയങ്ങളില്‍നിന്ന് എന്തുകൊണ്ട് ആ ഒരു ഒപ്ഷന്‍ കൂടി ഉണ്ടെന്ന് വിദ്യാര്‍ത്ഥി മനസിലാക്കിക്കൂടാ? അത്തരം ഒരു മനസിലാക്കലില്‍ വെകിളിപിടിക്കപ്പെടുന്ന ഒരു സമൂഹം എന്തുകൊണ്ട് ഒരു മതത്തിലും വിശ്വസിക്കാത്ത സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരം മനസിലാക്കുന്നില്ല. അവര്‍ക്ക് മെത്രാന്മാരും തങ്ങന്മാരും ഇല്ലാത്തതുകൊണ്ടാണോ?
ഇനി ആ പാഠഭാഗത്തിലെ നെഹ്രുവിന്റെ ഉദ്ധരണിയാണു പ്രശ്നമെങ്കില്‍ ഇവര്‍ എന്തുകൊണ്ട് നെഹ്രുവിനെതിരെ തിരിയുന്നില്ല. പണ്ടും ഇന്നും.
ഇനി ഈ ലേഖനത്തില്‍ തന്നെ പറയുന്നു,
ഭരണഘടന പ്രകാരം ഓരോ പൌരനും ഏതുമതവും സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. അപ്പോള്‍ ഒരു മതവും സ്വീകരിക്കാതിരിക്കാന്‍ അവകാശമില്ലെന്നാണോ അതിന് അര്‍ത്ഥം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും ഉണ്ടോ അതില്‍? അവരെക്കുറിച്ച് ആര്‍ക്കും ഒന്നും എഴുതാനോ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനോ പാടില്ല എന്ന് ഉണ്ടോ അതില്‍? അവ ഉള്‍പ്പെടുത്തുന്നെങ്കില്‍ ആ പുസ്തകങ്ങള്‍ തീയിടണമെന്നുണ്ടോ അതില്‍? അസഹിഷ്ണുതയുടെ മതങ്ങള്‍ മാത്രം പ്രചരിക്കണമെന്നും തമ്മില്‍ തമ്മില്‍ വെട്ടിക്കൊല്ലണമെന്നും മതനിരപേക്ഷത വരുമ്പോള്‍ ഒന്നിച്ചുനിന്ന് അതിനെയില്ലാതാക്കണമെന്നും കൂടി ഉണ്ടായിരിക്കും ഭരണ ഘടനയുടെ പുതിയ വേര്‍ഷനില്‍...!
ലേഖനത്തില്‍ മതനിരപേക്ഷതയെ പിന്തിരിപ്പത്തമായി ചൂണ്ടികാട്ടുമ്പോള്‍ നൂറ്റാണ്ടുകള്‍ മുന്‍പത്തെ സാഹചര്യങ്ങളില്‍ എഴുതപ്പെട്ട മതഗ്രന്ഥങ്ങളിലെ വിഡ്ഢിത്തങ്ങള്‍ മുഴുവന്‍ മഹത്തരമാകുകയും എരിഞ്ഞടങ്ങാത്ത മതകലാപങ്ങളും വിദ്വേഷ ചിന്തകളുമൊക്കെ മഹത്തരങ്ങളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നത് എങ്ങിനെ കാണാതെപോകും.
ഇപ്പോള്‍ ഫോട്ടോസ്റ്റാറ്റെടുത്തും അഭിപ്രായ സര്‍വ്വേയിലൂടെയും പാഠപുസ്തകത്തിന്റെ കോപ്പി പ്രചരിപ്പിക്കുന്നതിനെതിരെയാണ് സോളിഡാരിറ്റിക്കു ഹാലിളക്കം. അതിനുള്ള സാഹചര്യമുണ്ടാക്കിയ മതനേതാക്കന്മാര്‍ക്കെതിരെ തിരിയൂ സോളിഡാരിറ്റീ. പിന്നെ ഫോട്ടോസ്റ്റാറ്റെടുത്താലും അഭിപ്രായ സര്‍വ്വേനടത്തിയാലും തെറ്റ് തെറ്റെല്ലാതാകുമോ? അവ വായിച്ചിട്ട് ജനങ്ങള്‍ തെറ്റും ശരിയും തിരിച്ചറിയട്ടെന്നേ. അല്ല തെറ്റും ശരിയുമൊക്കെ നിശ്ചയിക്കാനും നിര്‍ണ്ണയിക്കാനുമുള്ള അവകാശം ജനത്തിനില്ലല്ലോ അല്ലേ? അതൊക്കെ നിശ്ചയിക്കാനാണല്ലോ കുറേ പുരോഹിതന്മാര്‍ എല്ലാ മതങ്ങള്‍ക്കും മുകളിലിരുന്ന് ചീര്‍ത്ത്കൊഴുക്കുന്നത്.
ശരി നിങ്ങളുടെ അഭിപ്രായം തന്നെ ശരി. അതുമാത്രം ശരി. ജനമൊന്നും അറിയണ്ട. വിദ്യാര്‍ത്ഥിയും.
ഇത് സോളിഡാരിറ്റിക്കും തുല്യ അഭിപ്രായമുള്ള സിയക്കും കൂടിയുള്ള മറുപടി. ബാക്കി പിന്നെ.
കിനാവെ***എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നു ഞാന്‍ നേടിയ മതപരമായ വിവരങ്ങളില്‍ 99%വും പരമ വിഡ്ഡിത്തങ്ങളായിരുന്നു എന്ന്.***
താങ്കള്‍ അറിഞ്ഞ വിഡ്ഡിത്തരങ്ങള്‍ ഖുറാനില്‍-ഗീത-ബൈബിള്‍ കുറച്ചെണ്ണം ഇവിടെ പറയാമോ? സിയ വിഷയമല്ലെന്ന് തോന്നാമെങ്കിലും അറിയാനാണ് ഒഴിവാക്കരുത്.
കിനാവേ,
മിശ്രവിവാഹിതരും മതമില്ലാത്തവരും കൈപിടിക്കാന്‍ മെത്രാന്മാരും തങ്ങമ്മാരും ഇല്ലാത്തവരുമായ സമൂഹത്തിലെ ഒരു പറ്റം അശരണരായവരുടെ വികാരം പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയോ മിശ്രവിവാഹിതരുടെ മക്കള്‍ക്കായി ഓപ്‌ഷന്‍ വിജ്ഞാപനമായിട്ടോ ആയിരുന്നു ഈ പാഠമെങ്കില്‍ എന്തിനതില്‍ മതഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ എഴുതിച്ചേര്‍ത്തു?
സര്‍ക്കാറിന്റെ സമീപനം വിലകുറഞ്ഞതായിപ്പോയി. കുറച്ചു കൂടി ഭാവനാസമ്പന്നമാവണമായിരുന്നു പാഠം. കുറച്ചു നാള്‍ മുമ്പിറങ്ങിയ ഒരു സിനിമയിലെ രംഗം അതേപടി പകര്‍ത്താന്‍ മാത്രം ഭാവനാദാരിദ്ര്യം ബാധിച്ചവരായിപ്പോയി പാഠപുസ്തകനിര്‍മ്മാതാക്കള്‍. (മുരളി, മുകേഷ്, സുകന്യ തുടങ്ങിയവര്‍ അഭിനയിച്ച ആ സിനിമയുടെ പേരു ഞാന്‍ മറന്നു പോയി).
ഗൂഢാലോചന നന്നായെങ്കിലും പ്രയോഗരീതി പാളി എന്നതാണ് പാഠത്തിന്റെ ദുര്യോഗം.
“വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍പ്പെട്ട വിഭാഗങ്ങള്‍ തമിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും” എന്ന് വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നത് ആഗോളകലഹത്തിന്റെ അടിസ്ഥാന കാരണം മതങ്ങളാണെന്ന് സ്ഥാപിക്കുനതിനു വേണ്ടിയല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?
അങ്ങനെയെങ്കില്‍ പഴകിദ്രവിച്ച കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രയോക്താക്കളുടെ അത്തരം നിലപാട് അംഗീകരിച്ചു തരിക ഒട്ടും സാധ്യമല്ല തന്നെ. സാധ്യമല്ല തന്നെ.
മതങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുനതിനും മുമ്പേ നമ്മുടെ കൊച്ചു കേരളത്തിലെങ്കിലും (ആഗോള ലെവലിലേക്ക് തല്‍ക്കാലം ഉയരാതെ) രാഷ്ട്രീയകോമരങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സ്വാര്‍ത്ഥരായ മതനേതാക്കന്മാരും രാഷ്ട്രീയനേതാക്കളും കൈകോര്‍ത്ത് പാവം ജനങ്ങളെ വഞ്ചിക്കുന്നതിനെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുകയാണ് ചെയ്യേണ്ടത്.
ഈ പുസ്തകത്തിന്റെ പേരില്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന സമരാഭാസങ്ങള്‍ പോലും മത-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേര്‍ക്കാഴ്‌ചയാണ്.
ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ചക്ക് ക്ഷണിക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നതിനാല്‍ , സമരമല്ല, ചര്‍ച്ച തന്നെയാണ് പരിഹാരമാര്‍ഗ്ഗമെന്നും ഞാന്‍ കരുതുന്നു.
സിനിമയുടെ പേരു കിട്ടി-
കാണാക്കിനാവ്.
അതിലെ ഒരു രംഗമാണ് സാമൂഹ്യപാഠത്തിലെ പാഠം. പാവം സര്‍ക്കാര്‍ :)
ഇനി പറയൂ ഇവിടെ എന്നെ എന്റെ മാതാപിതാക്കളും സമൂഹവും വിദ്യഭ്യാസരീതികളും തെറ്റായ മാര്‍ഗ്ഗത്തിലൂടെയല്ലേ വഴിനയിച്ചത്.
എന്നില്‍ അവര്‍ ഒരു മതം അടിച്ചേല്‍പ്പിക്കുകയായിരുന്നില്ലേ?
കിനാവ്,
തങ്ങളില്‍ മതങ്ങള്‍ കുഴപ്പക്കാരാണെന്ന ചിന്ത അടിച്ചേല്‍പ്പിക്കുകയായിരുന്നില്ലേ?
കിനാവിന്‍റെ മക്കള്‍ നാളെ ഈ ചോദ്യം തിരിച്ചിങ്ങനെ ചോദിച്ചാലോ?
അതില്‍ മതഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ചേര്‍ത്തതില്‍ എന്താണു സിയാ കുഴപ്പം. അതില്‍ ഏതെങ്കിലും ഉദ്ധരണികള്‍ ജീവനുമതം വേണമെന്ന് ഉദ്ബോധിപ്പിക്കുന്നതായിരുന്നോ, അല്ലല്ലോ. മതവിശ്വാസം വേണമെന്നോ വേണ്ടെന്നോ ഉദ്ബോധിപ്പിക്കുന്നതായിരുന്നോ? അല്ലല്ലോ? അത് ഇന്ന ഇന്ന മതങ്ങളുടെ കിത്താബുകളില്‍ നിന്നാണെന്ന് എഴുതിയിരുന്നോ? ഇല്ലല്ലോ... അവിടെ ഗ്രന്ഥങ്ങളുടെ പേരുകള്‍ എഴുതിയിട്ടുണ്ട് എന്നതു നേരുതന്നെ. എന്നാല്‍ ആ ഉദ്ധരണികളൊന്നും ജീവന് പക്വതയെത്തുമ്പോള്‍ സ്വയം മതം തിരഞ്ഞെടുക്കട്ടെ എന്ന പാഠഭാഗത്തിലെ ഉദ്ബോധനത്തെ ഖണ്ഡിക്കുന്നതാകുന്നുമില്ല.
പിന്നെ ഭാവനാദാരിദ്ര്യവും പ്രയോഗത്തിലെ പാളിച്ചയും; അതല്ലല്ലോ സമരക്കാരുടെ വിഷയം. പാളിപ്പോയ ഒരു കാര്യത്തെ കുറിച്ച് നാമെന്തിന് വാചാലരാകണം.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതു നേരു തന്നെ. അതുകൊണ്ട് മതങ്ങള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ് കാണിക്കണമെന്ന കമന്റിലെ സൂചനയോട് യോജിക്കാന്‍ കഴിയുന്നില്ല. പിന്നെ പാഠഭാഗത്തിലാണെങ്കില്‍ മതങ്ങള്‍ മോശമാണെന്നോ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നോ പറയുന്നുമില്ല. എല്ലാം ഭാവനാസമ്പന്നര്‍ ഭാവനാദരിദ്രര്‍ക്കുമേലെ അടിച്ചേല്‍പ്പിക്കുന്ന വെറും ആരോപണങ്ങള്‍ മാത്രം.
നീര്‍ക്കോലിക്ക്
അന്നം മുടക്കുമെന്നു തന്നെ വാശി ;)
നീര്‍ക്കോലി ഒരു വലിയ കുഴി വെട്ടി എന്നങ്ങ് കരുതൂ. എന്നിട്ട് അതില്‍ ഒന്നും നിറക്കുകയോ മൂടുകയോ ചെയ്യാതെ പോയെന്നും കരുതൂ. പിന്നീടെപ്പോഴെങ്കിലും വന്നു നോക്കുമ്പോള്‍ കുഴിപറയുമോ നീര്‍ക്കോലീ, ആരാഡാ എന്നില്‍ ശൂന്യത നിറച്ചുവെച്ചതെന്ന്. ആ കുഴി മറ്റെന്തിനോ ഉപയോഗിക്കാനുള്ളതാണ്. അത് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമെന്നേ...
കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നിനും ഗ്രീന്‍ കാര്‍ഡ് കാണിക്കരുത് നാം.
എല്ലാ പ്രത്യയശാസ്ത്രങ്ങളും ഒരര്‍ത്ഥത്തില്‍ മതം തന്നെ.
നീര്‍ക്കോലി ഒരു വലിയ കുഴി വെട്ടി എന്നങ്ങ് കരുതൂ. എന്നിട്ട് അതില്‍ ഒന്നും നിറക്കുകയോ മൂടുകയോ ചെയ്യാതെ പോയെന്നും കരുതൂ. പിന്നീടെപ്പോഴെങ്കിലും വന്നു നോക്കുമ്പോള്‍ കുഴിപറയുമോ നീര്‍ക്കോലീ, ആരാഡാ എന്നില്‍ ശൂന്യത നിറച്ചുവെച്ചതെന്ന്. ആ കുഴി മറ്റെന്തിനോ ഉപയോഗിക്കാനുള്ളതാണ്. അത് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമെന്നേ...
കിനാവ്,
ഇപ്പോള്‍ എല്ലാം മനസ്സിലായി
ഇതെല്ലാം കുറച്ച് കാലം മുമ്പെങ്കിലും എഴുതേണ്ടതായിരുന്നു
നന്ദി
വരട്ടെ, വാഴത്തടം നനയ്ക്കാന്‍ സമയമായി