ബ്ലോഗ് മീറ്റിന് ഉജ്ജ്വല സമാപനം.
Monday, June 15, 2009
ബ്ലോഗേഴ്‌സ് ഇരമ്പി: ദമ്മാം വീര്‍പ്പു മുട്ടി
ദമ്മാം : അറബിക്കടലല പോലെ ഇരമ്പിയാര്‍ത്ത മലയാളം ബ്ലോഗേഴ്‌സിന്റെ മഹാപ്രവാഹത്തില്‍ നഗരം വീര്‍പ്പുമുട്ടിനില്‍ക്കേ പ്രഥമ സൌദി ബ്ലോഗേഴ്സ് മീറ്റിന് പ്രൌഢോജ്ജ്വല സമാപനം. മീറ്റിനോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് ദമ്മാം കോര്‍ണീഷ് കടപ്പുറത്ത് നിന്നാരംഭിച്ച ബഹുജന റാലിയും ബ്ലോഗ് സേനാ മാര്‍ച്ചും പാരഗണ്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതോടെയാണ് സമാപനസമ്മേളനത്തിന് തുടക്കമായത്. സമ്മേളനം പ്രശസ്ത ബ്ലോഗര്‍ മറ്റൊരാള്‍ ഉദ്‌ഘാടനം ചെയ്തു.
അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വന്നണഞ്ഞ ബ്ലോഗേഴ്‌സിനെ സ്വീകരിക്കാന്‍ നഗരം നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി. പതാകകളും തോരണങ്ങളും മീറ്റിന് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്ലെക്സ് ബോര്‍ഡുകളും കമാനങ്ങളും ബ്ലോഗ് സ്നേഹികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. ഗതാഗതനിയന്ത്രണം ശക്തമായിരുന്ന നഗരത്തില്‍ ദമ്മാം ട്രാഫിക് എസ്സൈ അല്‍ മുറൂര്‍ ബിന്‍ കാംറി അല്‍ തൊയൂത്തയുടെ നേതൃത്വത്തില്‍ ആയിരത്തോളം ട്രാഫിക് പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്റ്റര്‍ അല്‍ ഫലാഫില്‍ ബിര് യാനി ബിന്‍ മുശക്കല്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
പതിനായിരങ്ങള്‍ അണിനിരന്ന ബഹുജന റാലി ഒരു പോയിന്റ് കടക്കാന്‍ മണിക്കൂറുകളെടുത്തു. ആവേശോജ്ജ്വലമായ റാലിയിലെ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു.
“ബ്ലോഗറ് ഞങ്ങള് മണിമേടയാക്കി
പോസ്റ്റുകള്‍ ഞങ്ങള് പൂമാലയാക്കി
അറേബ്യയിയിലും ബ്ലോഗുന്നൂ
മലയാളത്തിന്‍ പ്രിയ മക്കള്‍“
“അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍
അടിപതറാത്തൊരു ബ്ലസ്ഥാനം
ഈറ്റും മീറ്റും ഏറെക്കണ്ടൊരു
ബ്ലോഗിന്‍ മക്കള്‍ ഓര്‍ത്തോളൂ”
“വര്‍മ്മേയെന്ന് വിളിപ്പിക്കും
അനോണിക്കമന്റുകള്‍ ഇടുവിക്കും
വര്‍മ്മാലയത്തിന്‍ മുറ്റത്തങ്ങനെ
വര്‍മ്മ മീറ്റ് നടത്തിക്കും...”
“അനോണിമാഷേ നേതാവേ
ആര്‍മ്മാദത്തിന്നുസ്താദേ
ധീരതയോടെ പോസ്റ്റിക്കോ
ലക്ഷം കമന്റുകള്‍ പിന്നാലേ...”
“മാക്രീ മാക്രീ മരമാക്രീ
ക്രോമില്‍ ബ്രൌസും മരമാക്രീ
ചുക്ക് പെണ്ണിനെ തൊട്ടെന്നാകില്‍
അക്കൈ വെട്ടും അവനെത്തട്ടും”
തുടങ്ങി അനോണിയും സനോണിയുമായ നിരവധിമുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു നഗരമുഖം.
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച മറ്റൊരാള്‍ “മീറ്റില്‍ ഈറ്റിന്റെ പ്രധാന്യം” എന്ന വിഷയത്തിന്റെ മര്‍മ്മമാണ് പ്രധാനമായും അവതരിപ്പിച്ചത്. ആധ്യക്ഷം വഹിച്ച പ്രയാസി അനോണി ഓപ്‌ഷനുകള്‍ ഇല്ലാത്ത ബ്ലോഗില്‍ കമന്റിടുന്നതിന്റെ പ്രയാസം സദസ്യരുമായി പങ്കുവെച്ചു. “ആധുനിക ബൂലോഗത്തില്‍ വര്‍മ്മമാരുടെ പ്രസക്തി” എന്ന വിഷയത്തെ ആസ്‌പദമാക്കി സിയ നടത്തിയ ഘോരപ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.
പ്രമുഖ ബ്ലോഗര്‍ ജെസ്സി നന്ദി പറഞ്ഞു. മീറ്റില്‍ പ്രത്യേകക്ഷണിതാക്കളായ മറ്റൊരാളിന്റെ പത്നി ബെറ്റിയും പുത്രി നോറയും സന്നിഹിതരായിരുന്നു.
അന്തരാത്മാക്കളില്‍ ഈറ്റിന്റെ ഉള്‍വിളി പ്രകമ്പനം കൊള്ളിച്ചിരുന്നതിനാല്‍ മീറ്റും പ്രസംഗചടങ്ങുകളുമെല്ലാം ഒരു ചടങ്ങിന് വേഗം നടത്തിയിട്ട് ഈറ്റ് ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു ബ്ലോഗേഴ്‌സ്.
സൌദി ബ്രോഡ്‌കാസ്‌റ്റ് കമ്പനി പകര്‍ത്തിയ മീറ്റിന്റെ വിവിധദൃശ്യങ്ങള്‍ താഴെ കുഞ്ഞു പടത്തില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.
![]() |
| Saudi Bloggers Meet ' 09 |
എഴുതിയത്::സിയ↔Ziya at 1:52 PM 17 അഭിപ്രായങ്ങള്‍ Links to this post
കുഞ്ഞുങ്ങളെ റ്റിവി കാണിക്കരുത്
Thursday, April 30, 2009
റ്റെലിവിഷനെ പണ്ട് വിഡ്ഡിപ്പെട്ടി എന്നു വിളിച്ചിരുന്നു ചിലര്‍.
വിളിച്ചവരെ വിഡ്ഡികളെന്നും വിളിച്ചു ചിലര്‍.
പണ്ട് നമ്മുടെ നാട്ടില് വരേണ്യരായ ചിലര്‍ക്ക് മാത്രം ദൂരദര്‍ശന്റെ ഹിന്ദി പരിപാടികള്‍.
പിന്നെ നാട്ടിന്‍പുറങ്ങളില്‍ പോലും തിരുവനന്തപുരത്ത് നിന്നും ദൂരദര്‍ശന്‍ മലയാളമെത്തി.
വീട്ടിന്റെ മുന്നില്‍ കൊന്നത്തെങ്ങിനേക്കാള്‍ ഉയരമുള്ള ഏരിയല്‍ അഭിമാനസ്ഥംഭമായി.
ബുധനാഴ്‌ചകളിലെ ചിത്രഹാറിനും വ്യാഴാഴ്‌ചയിലെ ചിത്രഗീതത്തിനും അയല്‍വീടുകളില്‍ നിന്ന് പ്രേക്ഷകര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പേര്‍ത്തും പേര്‍ത്തും എത്തിത്തുടങ്ങി.
ശനിയാഴ്‌ച വൈകുന്നേരത്തെ ബ്ലാക്&വൈറ്റ് പടത്തിന് മിക്കവീടുകളും ഹൌസ് ഫുള്ളായി.
ഞായറാഴ്‌ചകളില്‍ കുട്ടികള്‍ രാമായണം കാണാന്‍ റ്റെലിവിഷഗൃഹങ്ങള്‍ തേടിയലഞ്ഞു.
രാമായണം കണ്ടവര്‍ ഈര്‍ക്കിലി കൊണ്ട് വാണം വിട്ടുകളിച്ചു. ബാണം കൊണ്ട് കണ്ണുപോയവര്‍ അനവധി.
മഹാഭാരത തിരക്കഥ മലയാളത്തിലാക്കിയ മാതൃഭൂമി സപ്ലിമെന്റുമായി കാരണവന്മാര്‍ റ്റെലിവിഷനു മുന്നില്‍ നേരത്തേ ഇടംപിടിച്ചു.
87 ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് യുവാക്കളും കുട്ടികളും റ്റെലിവിഷനു മുന്നില്‍ തപസ്സിരുന്നു.
ജനക്കൂട്ടത്തെ പേടിച്ച് പല റ്റെലിവിഷന്‍ ഉടമകളും വീടടച്ചു കുറ്റിയിട്ടു.
ജനാലച്ചില്ലിലൂടെ റ്റിവിയുടെ പ്രകാശം കണ്ട കുട്ടികള്‍ വീടിനു ചുറ്റും മണ്ടി നടന്നു.
കളിപ്രാന്തന്മാര്‍ ലോകകപ്പ് മുതല്‍ സന്തോഷ് ട്രോഫി വരെയുള്ള ഫുട്‌ബോളും വിംബിള്‍ഡണ്‍, ഫ്രെഞ്ചോപ്പണ്‍ ടെന്നിസും തുടങ്ങി കെ എസ് ഈ ബിയുടെ വോളിബോള്‍ മാച്ച്, ആനന്ദിന്റെ ചെസ് മത്സരം വരെ ദൂരര്‍ശനില്‍ മുടങ്ങാതെ കണ്ടു.
തിരുവനന്തപുരം ഡിഡിക്ക് കൂടുതല്‍ സമ്പ്രേഷണ സമയം കിട്ടി. സന്ധ്യകള്‍ മധുമോഹനസീരിയലുകളാല്‍ സമൃദ്ധമായിത്തുടങ്ങി. സന്ധ്യാനാമങ്ങള്‍ അകന്നു മാറി.
അപ്പോഴേക്കും വീടിനുമുകളില്‍ വമ്പന്‍ കുടകള്‍ വന്നു.
കുടയിലൂടെ ലോകം വിരുന്നുമുറിയിലെത്തിയെന്നായി.
കേരളത്തില്‍ വിഷനെറ്റുകള്‍ മുളയെടുത്തു.
പിന്നെ റോഡിലെങ്ങും കാറ്റാടിക്കമ്പ് നാട്ടി കേബിളെത്തി.
കേബിള്‍ എല്ലാ കൂരയിലുമെത്തി.
പിന്നെയും ചാനലുകള്‍. പിന്നെയും സീരിയലുകള്‍.
അയല്‍ക്കൂട്ടങ്ങള്‍ വഴിപിരിഞ്ഞു. ഏഷണി സദസ്സില്‍ പേന്‍ നോക്കാന്‍ തരുണികളണയാതായി.
ബന്ധു-സുഹൃദ് ജന സന്ദര്‍ശങ്ങള്‍ കുറഞ്ഞു.
വിരുന്നുകാര്‍ വരാതായി. വരുന്നവരെ ശപിക്കലായി...സീരിയലിന്റെ നേരത്ത് കാലന്‍...!
വളിച്ചു നാറിയ വാര്‍ത്തകള്‍ വിളമ്പി വാര്‍ത്താചാനലുകള്‍ സായാഹ്നങ്ങളെ കലുഷിതമാക്കി.
ഇല്ലാത്ത വിവാദങ്ങളുടെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളില്‍ വാര്‍ത്താകുതുകികള്‍ ഞെളിപിരി കൊണ്ടു.
മലയാളിയുടെ ജീവിതശൈലി ആകെ മാറി.പ്രവാസി മലയാളിയുടെയും.
റ്റെലിവിഷന്‍ തലച്ചോറുകളെ വന്ധ്യംകരിച്ചു, സമയങ്ങളെ അപഹരിച്ചു, സംസ്‌കാരത്തെ അപഹസിച്ചു.
പണിയൊടുങ്ങിയ ദിനാന്ത്യങ്ങളില്‍ വിശ്രമേകാകാനാണ് റ്റെലിവിഷനെന്നായി.
വിനോദവും വിജ്ഞാനവും നുകരാനാണെന്നായി.
ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കാനായെന്നായി.
വിഡ്ഡിപ്പെട്ടി സ്വര്‍ഗ്ഗമേകുന്നത് വിഡ്ഡികള്‍ക്കാണെന്ന് ഇന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു.
സെക്കന്റില്‍ എട്ട് ഫ്രെയിമുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുള്ള നമ്മൂടെ തലച്ചോറിനെ സെക്കന്റില്‍ മുപ്പത് ഫ്രെയിമുകളുള്ള പ്രോഗ്രാമുകള്‍ ഉദ്ദീപിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം തലച്ചോറിന്റെ പിന്‍വശത്ത്-സഹജവികാരങ്ങളും ആവശ്യങ്ങളും സംസ്‌കരിക്കുന്നിടത്ത്- ഇടം
പിടിക്കുന്നു. റ്റെലിവിഷന്‍ തുടര്‍ച്ചയായ പ്രചോദന-പ്രതികരണങ്ങള്‍ തലച്ചോറിലുണ്ടാക്കുന്നു.
ഫലമോ, നാം റ്റെലിവിഷന് കാഴ്‌ച്ചക്ക് അടിമകളാവുന്നു അല്ലെങ്കില്‍ അഡിക്റ്റാവുന്നു.
മുതിര്‍ന്നവരുടെ കാര്യം ഇങ്ങനെ.
മുതിര്‍ന്നവര്‍ക്ക് വിനോദവും ചിരിയും കണ്ണീരും തരുന്ന റ്റെലിവിഷന്‍ കുട്ടികളില്‍ എന്തു ഫലമാണുളവാക്കുക?
മനഃക്ലേശമല്ലാതെ മറ്റൊന്നുമല്ല.
തലച്ചോറിന്റെ ആരോഗ്യകരമായ വികസനത്തിന്, വളര്‍ച്ചക്ക് തികച്ചും വിപരീതഫലമാണ് ഈ മനഃക്ലേശം നല്‍കുന്നത്.
ജനനം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കാലം ഒരു കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സമയമാണ്.
തലച്ചോറിന്റെ വികസനത്തില്‍ ചുറ്റുപാടുകള്‍ക്ക് ഗംഭീരമായ സ്ഥാനമാണുള്ളത്.സാഹചര്യങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞിന്റെ തലച്ചോര്‍. ആവശ്യമില്ലാത്ത കോശങ്ങള്‍ അതിവേഗം ഉപേക്ഷിക്കപ്പെട്ട് കൂടുതല്‍ ശക്തമായ കോശങ്ങള്‍ രൂപം പ്രാപിക്കുന്നത് നന്നേ ചെറുപ്പത്തിലാണ്.
കുപ്പിപ്പാലു കുടിക്കുന്ന സമയത്തുള്ള ബ്രെയിന്‍ സെല്‍ നടക്കാറാവുമ്പോഴേക്കും കൂടുതല്‍ ശക്തിയുള്ളതായി മാറും എന്ന് സാരം.
കൂടുതല്‍ റ്റിവിയും കൂടുതല്‍ കമ്പ്യൂട്ടറും കുഞ്ഞിന് നഷ്‌ടമാക്കുന്നത് എന്താണെന്നറിയാമോ?
പ്രാധാന്യമേറിയ സംഗതികളോട് പ്രതികരിച്ച് , പരിചയിച്ച് കൂടുതല്‍ ശക്തമായ ഒരു തലച്ചോര്‍ രൂപപ്പെടുത്തുന്നതിനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല.
ഇന്നത്തെ റ്റെലിവിഷന്‍ സംസ്കാരത്തില്‍ കുഞ്ഞിന് ലഭിക്കുന്നതാകട്ടെ ‘കാണുന്നതിനുള്ള‘ അവസരം മാത്രമാണ്.
കാണുന്നത് കൊണ്ടെന്ത്?
റ്റെലിവിഷന്റെ കാര്യമാണെങ്കില്‍ ഒന്നറിയുക. മനുഷ്യന്റെ തലച്ചോര്‍ ഉറക്കത്തില്‍പ്പോലും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും-റ്റെലിവിഷന്‍ കാണുന്ന സമയത്തേക്കാള്‍ !
വളരുന്ന തലച്ചോറിന റ്റെലിവിഷന്‍ സമ്മാനിക്കുന്ന മറ്റൊരു ദുരന്തമറിയാമോ?
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയാണത്. ഒരലിവുമില്ലാത്ത ഒരു സംഗതിയാണ് റ്റെലിവിഷന്‍ പ്രോഗ്രാം. കുട്ടിയാണെന്നോ വലിയവനാണെന്നോ ഉള്ള ഒരു നോട്ടവുമില്ല.
വളരെ വേഗം, സെക്കന്റുകള്‍ക്കുള്ളില്‍ മാറി മറിയുന്ന വിവരങ്ങളാണ് റ്റിവി പ്രോഗ്രാമുകള്‍. കുട്ടി ശ്രദ്ധിച്ചിരിക്കണം.
ഒന്ന് മനസ്സിലായി വരുമ്പോഴേക്കും അടുത്തത്.
പെട്ടെന്ന് വന്നു മറിയുന്ന പരസ്യങ്ങള്‍. കുട്ടിയുടെ ശ്രദ്ധ ചിതറിയകലും.അധികനേരം ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത ഒരവസ്ഥയിലേക്ക് റ്റെലിവിഷന്‍ കാഴ്ച കുട്ടിയെ എത്തിക്കും. പഠനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
പരസ്യത്തെക്കുറിച്ച് മറ്റൊന്ന് കൂടി പറയണം.
ചൊട്ടയിലേ പിടികൂടുക എന്നതാണ് പരസ്യക്കാരുടെ തന്ത്രം.
സംസാരിക്കാറാവുമ്പോഴേക്കും കുട്ടികള്‍ ബ്രാന്‍ഡ് പേരുകള്‍ ഹൃദിസ്ഥമാക്കിയിരിക്കണം എന്ന രീതിയിലാണ് അവര്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്നത്.
എല്‍കെജിയില്‍ പോകാറാവുമ്പോഴേക്കും കുഞ്ഞ് കുടക്ക് പകരം ജോണ്‍സ് അല്ലെങ്കില്‍ പോപ്പി വേണം എന്ന് പറയണം.
തുടര്‍ച്ചയായ സ്ട്രെസ്സ് തലച്ചോറിന്റെ വളര്‍ച്ചയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇമേജുകളും ഫ്രെയിമുകളും മാറിമറിയുന്നതിനാല്‍ സംഗതികള്‍ മനസ്സിലാക്കാന്‍ കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് റ്റെലിവിഷന്‍ കാഴ്ച്ചയിലൂടെ ലഭിക്കുന്ന സ്ട്രെസ്സ്.
വിവരങ്ങളുടെയും പ്രചോദനത്തിന്റെയും അധിഭാരം.
വികസ്വരമായ ഒരു ന്യൂറോളജിക്കല്‍ സിസ്റ്റത്തിനെ തളര്‍ത്താനാണ് ഇവ ഉപകരിക്കുക.
അമിതമായ സ്ട്രെസ്സിനെത്തുടര്‍ന്ന് സ്ട്രെസ്സ് ഹോര്‍മോണ്‍ (Cortisol) തലച്ചൊറിലാകെ വ്യാപിക്കും. പ്രത്യേകിച്ചും Hippocampus എന്ന ഓര്‍മ്മ കേന്ദ്രത്തില്‍.
കൂട്ടുകാരന്റെ പേര് പോലെ, നമ്മുടെ വീട്ടു വിലാസം പോലെ, ദീര്‍ഘകാലം ഓര്‍ത്തു വെക്കേണ്ട സംഗതികള്‍ സൂക്ഷിക്കുന്ന ഇടമാണിത്.
ഇതെല്ലാം നമുക്കറിയാമെന്നും ഓര്‍ത്തുവെക്കുന്നതും തലച്ചോറിലെ പരമപ്രധാനമായ ഈ കേന്ദ്രമാണ്.
സ്ട്രെസ്സ് തകരാറിലാക്കുന്നതും ഈ ഭാഗത്തെ തന്നെയാണ്.
ഓര്‍മ്മയും ഓജസ്സുമില്ലാത്ത മന്ദബുദ്ധികളായിപ്പോവാതിരിക്കാന്‍ നമ്മുടെകുഞ്ഞുങ്ങളെ അധികസമയം റ്റെലിവിഷനു മുന്നില്‍ ഇരുത്താതിരിക്കുക നാം.
മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണെന്നും ഓര്‍ക്കുക.
നാമെന്തു ചെയ്യും?
ഈ ദൃശ്യമാധ്യമങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ല. കുട്ടികളെ ‘മീഡിയഫ്രീ’ ആയി വളര്‍ത്തുക എന്നത് ഏറെക്കുറേ അസാധ്യമാണ് താനും.
റ്റെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും കുട്ടികളെ കാത്ത്സൂക്ഷിക്കുക അങ്ങേയറ്റം ദുഷ്കരം തന്നെയാണ്.
ഒന്നാമതായി ചെയ്യേണ്ടത് റ്റെലിവിഷന്റെ ഹരം നുകരാന്‍ കുഞ്ഞിനെ നന്നേ ചെറുപ്പത്തില്‍ അനുവദിക്കരുത് എന്നതാണ്.
സീരിയല്‍ മാനിയ പിടിച്ച അമ്മമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
കുറേ മുതിരുമ്പോള്‍ അവര്‍ എന്തായാലും മീഡിയയോട് ചായും. അപ്പോളെന്തു ചെയ്യണം?
കുഞ്ഞുങ്ങളെ റ്റിവിയില്‍ എന്തു കാണിക്കണം, എത്ര നേരം റ്റിവി കാണാന്‍ അനുവദിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചു നടപ്പില്‍ വരുത്തണം.
രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും റ്റെലിവിഷന്‍ കാണിക്കരുത്. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
കുഞ്ഞുങ്ങളെ വീടിനു പുറത്തോ സ്വീകരണ മുറിക്ക് പുറത്തോ കളിക്കാന്‍ അനുവദിക്കണം. പ്രായത്തിനു ചേരുന്ന കളിപ്പാട്ടങ്ങളുമായും അയല്‍പക്കത്തെയോ മറ്റോ കുഞ്ഞുങ്ങളുമായും അവര്‍ കളിക്കട്ടെ.
കൂടുതല്‍ കുഞ്ഞുങ്ങളും വി കാണുന്നതിനേക്കാള്‍ കളിക്കാനാണ് ഇഷ്‌ടപ്പെടുന്നത്.
കുറച്ചു കൂടി മുതിരുമ്പോള്‍ ദിവസം അരമണിക്കൂറില്‍ കൂടുതല്‍ റ്റിവി കാണാന്‍ അനുവദിക്കരുത്. അഥവാ കൂടുതല്‍ സമയം കാണുന്നുണ്ടെങ്കില്‍ ഒറ്റയടിക്ക് റ്റിവിയുടെ മുന്നിലിരിക്കാതെ വ്യത്യസ്ത ഇടവേളകളില്‍ അല്പസമയം വീതം കാണുകയാണ് നല്ലത്. മൊത്തത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
റ്റെലിവിഷനില്‍ നല്ല നല്ല വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും ചര്‍ച്ചകളും കുഞ്ഞുങ്ങള്‍ കണ്ടാലെന്താണ് കുഴപ്പമെന്ന് ചോദ്യമുയരാം?
ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന പരിപാടികള്‍ നല്ലതാണെങ്കിലും അത്തരത്തില്‍ കുഞ്ഞുങ്ങളുടെ മാനസികവികസനത്തിനുതകുന്ന പ്രോഗ്രാമുകള്‍ വളരെ വിരളമാണ്. തന്നെയുമല്ല, പ്രകൃതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും ചോദ്യങ്ങളുന്നയിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്നതിനോളം സഹായമൊന്നും റ്റെലിവിഷന്‍ നല്‍കുന്നില്ല.
റ്റെലിവിഷന്‍ കണ്ടുകഴിയുമ്പോള്‍ കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി കൂടാം, കുഞ്ഞ് അസ്വസ്ഥനാകാം, കളിപ്പാട്ടങ്ങള്‍ വലിച്ചെറിയാം. റ്റിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാരന്റല്‍ കണ്ട്രോള്‍ സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പലവഴിക്കുള്ള അപകടങ്ങള്‍ കുറയ്ക്കും.
ഒരുമനുഷ്യന്റെ തലച്ചോറ് ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമയത്ത്-കുട്ടിക്കാലത്ത്- തന്നെ ആ വളര്‍ച്ചക്ക് വിഘാതമാകാന്‍ റ്റെലിവിഷനെ അനുവദിച്ചു കൂടാ. പുറം സാഹചര്യങ്ങള്‍ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സമയവുമാണത്.
എഴുതിയത്::സിയ↔Ziya at 3:24 PM 30 അഭിപ്രായങ്ങള്‍ Links to this post
Labels: ലേഖനം
സ്വതന്ത്ര വര്‍ണ്ണങ്ങള്‍
Monday, April 20, 2009
(ശ്രദ്ധിക്കുക:- കൂള്‍ കളേഴ്സിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ സില്‍വര്‍ നിറം കൂടി ചേര്‍ത്ത് കഴിഞ്ഞ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അത് കൂടി നോക്കിയിട്ട് വായന തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു).
കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് പറയാമെന്നാണ് കഴിഞ്ഞ പോസ്റ്റിന്റെ അവസാനം പറഞ്ഞത്. അപ്പോള്‍ ന്യൂട്രല്‍ കളറുകളെന്താണ് നോക്കണം. നോക്കിക്കളയാം അല്ലേ :)
ഒരു പക്ഷവും പിടിക്കാത്ത ഈ സ്വതന്ത്രന്മാര്‍ ഐക്യത്തിന്റെ നിറങ്ങളെന്നാണ് അറിയപ്പെടുന്നത്.
വര്‍ണ്ണങ്ങളുടെ നാനാത്വത്തില്‍ ഒരു ഏകത്വം പ്രദാനം ചെയ്യുന്ന ഈ സ്വതന്ത്രവര്‍ണ്ണങ്ങള്‍ ഡിസൈനുകളില്‍ ഒരു യൂണിറ്റി അഥവാ ഐക്യം ഉണ്ടാക്കുവാന്‍ വളരെ സഹായകമാണ്.
Black,Gray, White, Ivory, Brown, Beige തുടങ്ങിയവയാണ് ന്യൂട്രല്‍ കളറുകളുടെ പട്ടികയില്‍ വരുന്നത്. നല്ല നല്ല പശ്ചാത്തലമൊരുക്കാന്‍ ഈ ന്യൂട്രല്‍ കളറുകളെ കഴിഞ്ഞേയുള്ളൂ ആരും. പലപ്പോഴും ആശന്‍ ഒറ്റക്ക് നിന്ന് ഡിസൈനുകളിലെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുമെന്നത് വേറെ കാര്യം. ഡിസൈനുകളില്‍ മറ്റ് നിറങ്ങള്‍ക്ക് പ്രാധാന്യം കൈവരാനും മുഴച്ചു നില്‍ക്കുന്ന വര്‍ണ്ണങ്ങളുടെ തീവ്രത കുറയ്‌ക്കാനുമൊക്കെ ന്യൂട്രല്‍ കളറുകള്‍ പ്രയോഗിക്കാറുണ്ട്. ബ്ലാക്ക്, ബ്രൌണ്‍, ഗോള്‍ഡ്, ബേയ്‌ജ്,റ്റാന്‍ തുടങ്ങിയവ പൊതുവേ വാം കളറുകളായി പരിഗണിക്കപ്പെടാറുണ്ട്. വൈറ്റ്, ഐവറി,ഗ്രേ മുതലായവ കൂള്‍ നിറങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ ഉള്ളവയാണെന്നും പറയപ്പെടുന്നു.
കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളായ വൈറ്റ്, ഗ്രേ എന്നിവയെക്കുറിച്ച് പറയാം.
വെളുപ്പ്.
വെളുപ്പ് നിറം ശുഭസൂചകമാണ്. പരിശുദ്ധിയുടെയും ശുചിത്വത്തിന്റെയും നിഷ്‌കളങ്കതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് വെളുപ്പ്. പരിപൂര്‍ണ്ണതയെ ദ്യോതിപ്പിക്കുന്ന നിറമാണ് വെളുപ്പ് എന്ന് പറയപ്പെടുന്നു. കറുപ്പിനെപ്പോലെ തന്നെ എല്ലാവര്‍ണ്ണങ്ങളോടും വെളുപ്പ് യോജിക്കും.വളരെ ക്രിയാത്മകമായ ലക്ഷ്യാര്‍ത്ഥങ്ങളാണ് വെളുപ്പിനുള്ളത്.
മിക്ക രാജ്യങ്ങളിലും വിവാഹവസ്ത്രങ്ങള്‍ക്ക് വെളുപ്പ് നിറമാണ്. ചിലയിടങ്ങളില്‍ ശവസംസ്കാരവേളയില്‍ വെളുപ്പ് ധരിക്കാറുണ്ട്. ആശുപത്രിയുമായി ഈ നിറം വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഡോക്റ്റര്‍, നഴ്സ് മുതല്‍ ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ വരെ വെളുപ്പ് ധരിക്കുന്നു. മെഡിക്കല്‍ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ സേഫ്‌റ്റിയെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കാറുണ്ട്.
പരസ്യവിപണിയില്‍ വെളുപ്പ് വൃത്തിയും ശീതളിമയും ഉള്ള നിറമായാണ് അറിയപ്പെടുന്നത്. ഹൈ-ടെക് ഉത്പന്നങ്ങളില്‍ ലാളിത്യത്തെ സൂചിപ്പിക്കാന്‍ വെളുപ്പ് ഉപയോഗിക്കപ്പെടുന്നു. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ക്ക് വളരെ അനുയോജ്യമായ വര്‍ണ്ണമാണ് വെളുപ്പ്.
പാലും പാലുത്പ്പന്നങ്ങളും വെളുപ്പുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ കൊഴുപ്പുള്ള ആഹാരം, കുറഞ്ഞ തൂക്കം തുടങ്ങിയവയെ സൂചിപ്പിക്കാനും വെളുപ്പ് ഉപയോഗിക്കാറുണ്ട്.
ഗ്രേ.
ലക്ഷണവത്തായ ഒരു ന്യൂട്രല്‍ കളറാണ് ഗ്രേ അഥവാ ചാരനിറം. തീവ്രവികാരങ്ങളൊന്നും ആവാഹിക്കാത്ത ഒരു തണുപ്പന്‍ നിറമാണ് ഗ്രേ എങ്കിലും മേഘാവൃതമായ ആകാശമെന്ന പോലെ സുഖകരമായ ഒരു വിഷാദഭാവം ഈ നിറത്തിന്റെ ചാരുതയാണ്.
കറുപ്പ് നിറത്തിന്റെ നിഷേധാത്മകത അധികമില്ലാത്ത ഒരു പരിഷ്‌കൃത വര്‍ണ്ണമാണ് കടും ചാരനിറം അഥവാ ഡാര്‍ക് ഗ്രേ. കോര്‍പറേറ്റ് ലോകത്ത് ഡാര്‍ക് ഗ്രേ സൂട്ടിന് പ്രത്യേക സ്ഥാനമുണ്ട്.
ഇളം ചാരനിറത്തിന് വെള്ളയോടാണ് സാമ്യം.
ഗ്രേയുടെ എല്ലാ ഷേഡുകളും നല്ല ബാക്‍ഗ്രൌണ്ട് നിറങ്ങളാവും. ഇളം ചാരനിറം ഇളം പിങ്ക്,ഇളംനീല, ഇളംലാവന്‍ഡര്‍, ഇളം പച്ച എന്നീ നിറങ്ങളോടൊപ്പം ഉപയോഗിച്ചാല്‍ ഒരു സ്ത്രൈണത ഉളവാകും. ഇതേ നിറങ്ങളുടെ കടും ഷേഡാണെങ്കില്‍ പൌരുഷം നിറയും.
അടുത്തത് ആവേശമുണര്‍ത്തുന്ന ചൂടന്‍ നിറങ്ങള്‍...(Warm colours)
എഴുതിയത്::സിയ↔Ziya at 7:10 PM 3 അഭിപ്രായങ്ങള്‍ Links to this post
Labels: Colour meanings, Tips and Tricks, ടിപ്സ്-ട്രിക്സ്




